Thursday, March 28, 2024
keralaNews

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം.

മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി 30 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്. വിചാരണ കോടതി നിര്‍ദേശിക്കുന്ന ഉപാധികള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ മാസവും സിബിഐ ഓഫീസര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പറഞ്ഞു.

2021 മെയ് 20ന് പേരറിവാളന് പരോള്‍ നല്‍കിയിരുന്നു. 30 ദിവസത്തെ പരോളാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുവദിച്ചിരുന്നത്. പേരറിവാളന്റെ അമ്മ അര്‍പുത അമ്മാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു പരോള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പേരറിവാളന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോള്‍ അനുവദിക്കണമെന്നായിരുന്നു അര്‍പുത അമ്മാളിന്റെ അപേക്ഷ. പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്നു പേരറിവാളന്‍. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചത്. 1991 ലാണ് പേരറിവാളനെന്ന അറിവ് അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു അദ്ദേഹത്തിന്.രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. 2018ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിച്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് ചെയ്യണമെന്നും സ്റ്റാലിന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. എസ് നളിനി, മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്നാണ് കത്തില്‍ അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കാരാഗ്രഹത്തിന്റെ യാതന തിന്നു ജീവിക്കുകയാണ് ഏഴുപേരുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര വേദനയും പ്രയാസങ്ങളും ഇവര്‍ അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്. കേസില്‍ മാപ്പപേക്ഷിച്ചുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കാലതാമസം നേരിടുകയുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറയ്‌ക്കേണ്ട ആവശ്യം കോടതി തന്നെ അംഗീകരിച്ചതാണെന്നും കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.