Thursday, March 28, 2024
keralaNews

മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് മ്‌ളാക്കരയിൽ ഉരുൾപൊട്ടൽ

മുണ്ടക്കയം  കൂട്ടിക്കൽ ഇളംക്കാട് മ്‌ളാക്കരയിൽ ഉരുൾപൊട്ടൽ.കൂട്ടിക്കലിലെ ഇളംകാട് മ്‌ളാക്കരയിലാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മൂന്നിടത്ത് ഉരുള്‍ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഏന്തയാര്‍, ഇളംകാട് മേഖലയില്‍ ശക്തമായ മഴ പെയ്യുകയാണ്. ഉരുള്‍പൊട്ടലും മഴ ശക്തിപ്രാപിച്ചതും കൂടിയായതോടെ പുല്ലകയാറ്റിലെ ജലനിരപ്പുയര്‍ന്നു. മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ്, -പൊലീസ്- ജനപ്രതിനിധി സംഘങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണയും കോട്ടയം കുട്ടിക്കല്‍ പഞ്ചായത്തിലായിരുന്നു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇത്തവണ ആള്‍പ്പാര്‍ക്കുള്ള സ്ഥലത്തല്ല ഉരുള്‍പ്പൊട്ടലുണ്ടായതെങ്കിലും പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മണിമല ആറിന്റെ മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുണ്ടക്കയം പോലീസ് ഇളംകാട് സ്ഥലത്തെത്തി സുരക്ഷ ക്രമീകരണം ഒരുക്കുന്നു.എന്നാൽ നാശനഷ്ടമില്ല.