Thursday, April 18, 2024
keralaNewspolitics

മുഖ്യമന്ത്രി ചെപ്പടി വിദ്യ കാണിച്ചാല്‍ നിയന്ത്രിക്കാന്‍ തനിക്ക് പിപ്പിടി വിദ്യ വേണ്ടി വരും ഗവര്‍ണര്‍

തിരുവനന്തപുരം: വിസിമാരുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ചെപ്പടി വിദ്യ കാണിച്ചാല്‍ അത് നിയന്ത്രിക്കുന്നതിനായി തനിക്ക് പിപ്പിടി വിദ്യ വേണ്ടി വരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതിനെരെ മുഖ്യമന്ത്രിക്ക് ശക്തമായ മറുപടി നല്‍കി ഗവര്‍ണര്‍. ഗവര്‍ണറെ പരിഹസിക്കുന്നതിനായി പിണറായി വിജയന്‍ നടത്തിയ പ്രയോഗങ്ങള്‍ക്കാണ് ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി പറഞ്ഞിരിക്കുന്നത്. ഗവര്‍ണറുടേത് പിപ്പിടി പ്രയോഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.       ഇതിനാണ് ഗവര്‍ണര്‍ തക്കതായ മറുപടി നല്‍കിയിരിക്കുന്നത്. വിസിമാരുടെ രാജി തടയുന്ന മുഖ്യമന്ത്രിയെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഗവര്‍ണര്‍ കണക്കിന് വിമര്‍ശിച്ചു. വിസിമാര്‍ ആരുടെ ഉപദേശമാണ് തേടുന്നത്. എല്‍ഡിഎഫും മുഖ്യമന്ത്രിയുമാണ് വിസിമാരോട് രാജിവെയ്ക്കേണ്ട എന്നു പറയുന്നത്. വിസിമാരുടെ നിഷേധത്തിന് പിന്നില്‍ സര്‍ക്കാരാണ്. മാന്യമായ രീതിയില്‍ പടിയിറങ്ങാനാണ് വിസിമാര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ചാനസിലറിന്റെ ഉത്തരവ് വിസിമാര്‍ പാലിക്കുന്നില്ല. കെടിയു വിസി നിയമനത്തില്‍ സുപ്രീംകോടതി വിധി കൃത്യമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി വിധി വ്യക്തമാണ്. നിയമോപദേശം തേടി തന്നെയാണ് വിസിമാര്‍ക്കെതിരെ ചാന്‍സിലര്‍ എന്ന നിലയില്‍ താന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. വിസിമാരോട് തനിക്ക് യാതൊരു പ്രശ്നവുമില്ല, എന്നാല്‍ അവര്‍ക്ക് വിധി എതിരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിസിമാര്‍ക്ക് വീണ്ടും സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കില്‍ അവര്‍ക്ക് സ്ഥാനത്തും വരാം. വിസിമാരുടെ യോഗ്യതയെ അല്ല താന്‍ ചോദ്യം ചെയ്യുന്നത്. വിസി നിയമന പ്രക്രിയയിലാണ് പ്രശ്നമുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാണിച്ചു.