Saturday, April 20, 2024
EntertainmentkeralaNews

മലയാളത്തിന്റെ നടന വിസ്മയത്തിനിന്ന് 61ാം ജന്മദിനം; മോഹന്‍ലാലിന് ആശംസാ പ്രവാഹം

നടന്‍ മോഹന്‍ലാലിന് ഇന്ന് 61ാം ജന്മദിനം. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് രാവിലെ തന്നെ ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് രാവിലെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ താരത്തിന് ആശംസ അറിയിച്ചത്. മുന്നൂറിലേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മലായളത്തിന്റെ രാജാവിനിപ്പോഴും ചെറുപ്പമാണ്.                                                                                           മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലെ നരേന്ദ്രന്‍ എന്ന വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ മോഹന്‍ലാല്‍ ഇന്ന് മലാളത്തിന്റെ നടന വിസ്മയമാണ്. മോളീവുഡില്‍ ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ പേരിലാണ്. ‘ലൂസിഫര്‍’ ആദ്യമായി 200 കോടി കളക്ട് ചെയ്യുന്ന മലയാളചിത്രം എന്ന വിശേഷണവും അടുത്തിടെ സ്വന്തമാക്കി.

സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്ന് ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്തംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980ല്‍ വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം.പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്.                                                                                              ടിപി ബാലഗോപാലനും, ദാസനും, ജോജിയും, സേതുമാധവനും, സുധിയും, മണ്ണാറത്തൊടി ജയകൃഷ്ണനും, കുഞ്ഞികുട്ടനും, പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലും തന്റേതായ കൈമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭ.അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ പദവിക്കും അദ്ദേഹം അര്‍ഹനായി.