Tuesday, April 16, 2024
keralaNewsObituary

മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി സ്വപ്ന സുരേഷ്

എറണാകുളം: മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ നടത്തിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി സ്വപ്ന സുരേഷ്. വാട്സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് സ്വപ്ന ജലീലിനെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്നും, ഇവ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വപ്ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തോടൊപ്പമാണ് സ്വപ്ന സുരേഷ് തെളിവുകള്‍ സമര്‍പ്പിച്ചത്. യുഎഇ ഭരണാധികാരികളുമായി ബന്ധമുണ്ടാക്കാനായി കെ.ടി ജലീലില്‍ സമീപിച്ചിരുന്നതായി സ്വപ്ന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.                                            കൊറോണ കാലത്തായിരുന്നു ഇത്തരത്തില്‍ ശ്രമം നടത്തിയത്. യുഎഇ ഭരണാധികാരിക്ക് ജലീല്‍ നേരിട്ട് കത്തയച്ചു. മാധ്യമം പത്രത്തെ ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കോണ്‍സുല്‍ ജനറലിന് കത്ത് കൈമാറാന്‍ താന്‍ ജലീലിനെ സഹായിച്ചു. എന്‍ഐഎ പിടിച്ചെടുത്ത തന്റെ ഫോണ്‍ ഇപ്പോള്‍ രേഖകളില്‍ ഇല്ല. മുഖ്യമന്ത്രിയുടെ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഈ ഫോണിലായിരുന്നു.                                                                                                                          നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്തുള്ള എല്ലാത്തിനും കെ.ടി ജലീല്‍ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അന്വേഷണത്തെ അട്ടിമറിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. തന്നെ കുരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കത്തിന്റെ കരടും സ്വപ്ന ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഉച്ചയോടെയാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലവും തെളിവുകളും കോടതിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. തെളിവുകള്‍ സമര്‍പ്പിക്കുന്നതോടെ തനിക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.