Thursday, March 28, 2024
keralaNewspolitics

മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്നു പറയുന്ന പോലെ:  ജില്ലാ സെക്രട്ടറി 

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതി. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടിയില്‍ ആരെയും പ്രത്യേകിച്ച് വിളിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ തനിക്ക് പരാതി നല്‍കിയിട്ടില്ല. പരാതികള്‍ പാര്‍ട്ടി പരിശോധിക്കും. എല്ലാവരും ചേര്‍ന്ന് നടത്തേണ്ട പരിപാടിയാണിതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെതിരെ ചിറ്റയം ഗോപകുമാര്‍ ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം ചിറ്റയം പരസ്യമായി പറഞ്ഞത്. ഇതിന് പിന്നാലെ ആരോഗ്യമന്ത്രി മുന്നണി നേതൃത്വത്തിന് പരാതി നല്‍കി.

ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയാണ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എം.എല്‍.എമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും പരാതിയില്‍ പറയുന്നു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ പ്രധാന ആരോപണം.

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിയ്ക്കാത്തിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാര്‍ മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത്.