Thursday, April 25, 2024
keralaNews

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂള്‍ ഹോസ്റ്റല്‍ ഇതുവരെ തുറന്നിട്ടില്ല

സ്‌കൂളുകള്‍ തുറന്നെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂള്‍ ഹോസ്റ്റല്‍ ഇതുവരെ തുറന്നിട്ടില്ല. എല്ലാ കുട്ടികള്‍ക്കും ക്ലാസില്‍ എത്താന്‍ കഴിയാത്തതിന്റെ സങ്കടം ജില്ലാ വിദ്യാഭ്യാസ ഓഫിസറെ നേരിട്ട് അറിയാക്കാന്‍ എത്തിയതാണ് കോഴിക്കോട് വൈദ്യരങ്ങാടി സ്വദേശിനിയായ ആയിഷ സമീഹ. കൊളത്തറ സ്‌പെഷല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആയിഷ

ജന്മനാ കാഴ്ച ശക്തിയില്ല ആയിഷക്ക് . പക്ഷെ മലയാളികള്‍ക്ക് ഇവളെ പാട്ടിലൂടെ അറിയാം. ആയിഷ സമീഹക്ക് സ്‌കൂള്‍ തുറന്നിട്ടുണ്ട്. പക്ഷെ എല്ലാ കൂട്ടുകാരും ക്ലാസില്‍ എത്തിയിട്ടില്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ ഹോസ്റ്റല്‍ ഇതുവരെ തുറന്നിട്ടില്ല. മറ്റ് ജില്ലക്കാരും ലക്ഷദ്വീപില്‍ നിന്നുള്ള കുട്ടികളും കോഴിക്കോട്ടെ സ്‌പെഷല്‍ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. ഈ പരാതിയുമായാണ് ആയിഷ പിതാവിന്റെ കൈപിടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫിസറെ കാണാനെത്തിയത്.

ആയിഷയുടെ പരാതിയെല്ലാം വിദ്യാഭ്യാസ ഓഫീസര്‍ ചോദിച്ചറിഞ്ഞു. ഭിന്ന ശേഷിക്കാരായതിനാല്‍ കൃത്യമായി ഓണ്‍ ലൈന്‍ ക്ലാസും നടക്കുന്നില്ല. പഠനവും പ്രതിസന്ധിയിലാണ് . മറ്റ് സഹായവും ലഭിക്കുന്നില്ല. സര്‍ക്കാറിന്റെ പരിഗണന ആവശ്യമാണ്. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ ഈ പരാതി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആയിഷ മടങ്ങിയത്.