Saturday, April 20, 2024
indiakeralaNewspolitics

ഭാരത് ജോഡോ യാത്രക്കിടെ കെ സി വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി

തിരുവനന്തപുരം:ഭാരത് ജോഡോ യാത്രക്കിടെ സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി.അടിയന്തരമായി എത്താന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കെ സി വേണുഗോപാല്‍ രാവിലെ ദില്ലിക്ക് പോയി.രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും.രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകണമെന്ന ആവശ്യം കൂടുതല്‍ പി സി സികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് സോണിയഗാന്ധിയുടെ നീക്കം.അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോള്‍.ശശി തരൂരും അശോക് ഗെലോട്ടും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാന്‍ നീക്കം ഉണ്ടായത്. ഇതിന്റെ ഭാഗമായി ശശി തരൂര്‍ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടിരുന്നു.മത്സരം നടക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട്.നെഹ്‌റു കുടുംബത്തിന്റെ പിന്തുണയോടെ ആണ് രാജസ്ഥാന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ഗെലോട്ട് മത്സരത്തിനിറങ്ങുന്നത്.എന്നാല്‍ താന്‍ മാറുന്ന പക്ഷം തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന നിബന്ധന അശോക് ഗെലോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്.അതേസമയം രാഹുല്‍ ഗാന്ധി അധ്യക്ഷനാകാന്‍ തയാറാണെങ്കില്‍ മറ്റാരും മത്സര രംഗത്ത് ഉണ്ടാകില്ല. അതേസമയം ശശി തരൂര്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കേരളത്തില്‍ നിന്ന് വ്യാപക എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു.ഇതിനിടെ ജി 23 നേതാക്കള്‍ക്ക് ഇടയിലും ശശി തരൂരിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.