Thursday, March 28, 2024
keralaNewspolitics

ബേബി ഡാമിലെ മരംമുറി. പിണറായി രാജിവെച്ച് വാനപ്രസ്ഥത്തിന് പോകുന്നതാണ് നല്ലത് .

തിരുവനന്തപുരം: ബേബി ഡാമിലെ മരംമുറിക്കാന്‍ സര്‍ക്കാര്‍ അറിയാതെയാണ് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെങ്കില്‍ പിണറായി രാജിവെച്ച് വാനപ്രസ്ഥത്തിന് പോകുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി തമിഴ്നാടിന് കൊടുക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിയില്ല. സര്‍ക്കാര്‍ നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയത് പിടിക്കപ്പെട്ടപ്പോള്‍ തൊണ്ടി മുതല്‍ തിരിച്ചു നല്‍കിയ കള്ളനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ ഉത്തരവ് സര്‍ക്കാര്‍ അറിയാതെ ഇറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ച് വാനപ്രസ്ഥത്തിന് പോവുന്നതാണ് നല്ലത്. ഉദ്യോഗസ്ഥരാണ് ഉത്തരവിന് പിന്നിലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയത്. നാടിനോട് ചെയ്ത ഏറ്റവും വലിയ ചതിയാണിത്.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പിണറായി വിജയന് കത്തയച്ചത് രണ്ടുപേരും അറിഞ്ഞുള്ള നാടകമാണ് ഇതെന്നതിന്റെ തെളിവാണ്. വനംമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെന്ന് വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കാവില്ല. മുഖ്യമന്ത്രിയും വനമന്ത്രിയും ഉരുണ്ടു കളിക്കുകയാണ്. ഉദ്യേഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടിയാവുന്ന ഉത്തരവ് ഇറക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.