Friday, April 19, 2024
indiaNews

ബിഹാറില്‍ ഇന്നും പ്രതിഷേധവും അക്രമവും

പട്ന :’അഗ്‌നിപഥ്’ പദ്ധതിക്കെതിരെ ബിഹാറില്‍ ഇന്നും പ്രതിഷേധവും അക്രമവും അരങ്ങേറി. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ ഇന്നു രാവിലെ തീവച്ചു. ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ മൊഹിയുദിനഗറില്‍ വച്ചാണ് തീവച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്കു പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്റ്റേഷന്‍ പരിസരവും തകര്‍ത്തു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ തുരത്തിയത്.

‘അഗ്‌നിപഥ്’ പദ്ധതിയുടെ പ്രായപരിധി 21 വയസായി നിശ്ചയിച്ചതിനെതിരെ ബിഹാര്‍, യുപി, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ജമ്മു, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം വന്‍ അക്രമങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിഹാറിലെ ചപ്രയില്‍ ഇന്നലെ ട്രെയിനിനു തീയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസില്‍നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് തീരുമാനമുണ്ടായത്.