Saturday, April 20, 2024
educationindiaNewspolitics

ബിരുദദാന ചടങ്ങിനിടെ തമിഴ് ഗാനം പാടാത്തത് തമിഴ് ജനതയോടുള്ള അവഹേളനം; രാമദോസ്

മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ(ഐഐടി) ബിരുദദാന ചടങ്ങില്‍ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐഐടിയിലെ 58ാമത് കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ നടന്നത്. 1962 വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയത്. ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി.സിന്ധു ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനിടെ തമിഴ് ഗാനം ആലപിച്ചില്ലെന്നാരോപിച്ച് പട്ടാളി മക്കള്‍ കക്ഷി നേതാവ് എസ് രാമദോസാണ് വിവാദത്തിന് തുടക്കിമിട്ടത്.

ഐഐടിയിലെ ബിരുദദാന ചടങ്ങിനിടെ തമിഴ് ഗാനം പാടാത്തത് തമിഴ് ജനതയോടുള്ള അവഹേളനമാണെന്നാണ് രാമദോസ് ആരോപിച്ചത്. ചടങ്ങില്‍ സംസ്‌കൃതത്തിലുള്ള പാട്ടുകള്‍ പോലും പാടി. എന്നിട്ടും തമിഴ്ഗാനം ചൊല്ലിയില്ല. സംസ്ഥാനത്ത് നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ തമിഴ് ഗാനം ആലപിക്കുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ ഐഐടി മദ്രാസ് മാനേജ്‌മെന്റുമായി സര്‍ക്കാര്‍ സംസാരിക്കുകയും, അവിടെ നടക്കുന്ന എല്ലാ ചടങ്ങുകളിലും തമിഴ് ഗാനം ആലപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും രാമദോസ് ട്വീറ്റ് ചെയ്തു.

2018-ലും ഐഐടി മദ്രാസില്‍ നിന്ന് സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. അന്ന് നടന്ന പരിപാടിക്കിടെ തമിഴ്ഗാനം ചൊല്ലാത്തതാണ് വിവാദമായത്. ബിരുദചടങ്ങിനിടെ തമിഴ്ഗാനം ആലപിച്ചില്ലെന്നത് ഏറെ സങ്കടകരമാണെന്ന് എഐഎഡിഎംകെ കോര്‍ഡിനേറ്ററും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം പറഞ്ഞു. സ്റ്റാലിന്‍ ഈ വിഷയത്തില്‍ ഐഐടി അധികൃതരുമായി സംസാരിക്കണമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ഡിഎംകെ ചെന്നൈ എംപിയായ തമിഴച്ചി തങ്കപാണ്ഡ്യനും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘ തമിഴ് ഗാനത്തെ ചടങ്ങില്‍ അവഗണിച്ചുവെന്നത് അങ്ങേയറ്റം അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ഉള്ളവര്‍ തമിഴ് ഭാഷയെ കുറിച്ച് ഏറ്റവും മികച്ച രീതിയിലാണ് സംസാരിക്കുന്നത്. തിരുവള്ളുവരെ പോലെയുള്ള പ്രഗത്ഭരായ തമിഴ് കവികളെ അദ്ദേഹം തന്റെ പ്രസംഗങ്ങളിലും ഉള്‍പ്പെടുത്തുന്നുണ്ട്. ഐഐടിയില്‍ നടന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്നും’ അദ്ദേഹം പറഞ്ഞു.