Friday, March 29, 2024
indiaNews

ബഹുമാനപൂര്‍വം ഒരു രൂപ പിഴയടയ്ക്കും; സുപ്രിംകോടതി വിധി അംഗീകരിച്ച് പ്രശാന്ത് ഭൂഷണ്‍.

കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴയടയ്ക്കണമെന്ന സുപ്രിംകോടതി വിധി അംഗീകരിച്ച് ബഹുമാനപൂര്‍വം ഒരു രൂപ പിഴയടയ്ക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കോടതി വിധിക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ട്വീറ്റുകള്‍ സുപ്രിം കോടതിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. സുപ്രിംകോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണ്. കോടതി വിധിക്ക് വഴങ്ങാനും മാന്യമായി പിഴ നല്‍കാനും ഞാന്‍ ഉദ്ദേശിക്കുന്നു.സുപ്രിംകോടതി ദുര്‍ബലരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവസാനത്തെ പ്രതീക്ഷയാണെന്ന് താന്‍ എല്ലായ്പ്പോഴും വിശ്വസിക്കുന്നു.കോടതി ദുര്‍ബലമായാല്‍ ഓരോ പൗരനെയും അത് ബാധിക്കും. ജുഡീഷ്യറിയെ അപമാനിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. വിധിക്കെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെയും സുപ്രിംകോടതിയെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സംഭവത്തില്‍ കോടതിയലക്ഷ്യമാണെന്നു കണ്ടെത്തി സുപ്രിംകോടതി പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിക്കുകയും സെപ്തംബര്‍ 15 നകം പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്നുവര്‍ഷം അഭിഭാഷക വൃത്തിയില്‍നിന്നു വിലക്കുമെന്നും സുപ്രിം കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനില്‍ നിന്ന് ഒരു രൂപ കോയിന്‍ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കവുച്ചിരുന്നു.