Friday, April 26, 2024
keralaNews

ബസ് ചാര്‍ജ് വര്‍ധന മകരവിളക്കിന് ശേഷമെന്ന് ഗതാഗതമന്ത്രി

ബസ് ചാര്‍ജ് വര്‍ധന മകരവിളക്കിന് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കണ്‍സഷന്‍ നിരക്ക് കൂട്ടേണ്ടി വരും. ഇന്നത്തേത് നിര്‍ണ്ണായക ചര്‍ച്ചയാണ്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്റെ കാര്യത്തില്‍ സര്‍ക്കാരിന് എടുത്ത് ചാടാനാകില്ലെന്നും ബസുടമകളുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബസുടമകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും.വിഷയത്തില്‍ അന്തിമ തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം തേടുന്നതിനാണ് ബസ് നിരക്ക് നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തുന്നത്.അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കിയിരുന്നു.