Friday, April 19, 2024
AgricultureindiakeralaNewspolitics

പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി; ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളിലെ പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങുന്നു. വിളകള്‍ക്കുള്ള താങ്ങുവില നിയമപ രമായി ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കാനും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ഒരുക്കമാണെന്നറിയിച്ച് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കു കത്തയച്ചു. ഇക്കാര്യങ്ങള്‍ രേഖാമൂലം ഒപ്പിട്ടു നല്‍കാന്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. രേഖാമൂലമുള്ള ഉറപ്പ് ഇന്നു ലഭിച്ചാല്‍ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് അറിയിച്ചു. ഔദ്യോഗിക തീരുമാനമെടുക്കാന്‍ കിസാന്‍ മോര്‍ച്ചയുടെ കോര്‍ കമ്മിറ്റി യോഗം ഇന്നുച്ചയ്ക്ക് 12നു ചേരും.

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമേ കേസുകള്‍ പിന്‍വലിക്കൂ എന്നാണു കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നത്. ആദ്യം കേസുകള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്. കേസുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. താങ്ങുവില നിയമപരമായി ഉറപ്പാക്കാന്‍ തയാറാണെന്നുകൂടി കൂട്ടിച്ചേര്‍ത്തതോടെ ഫലത്തില്‍ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങള്‍ക്കും കേന്ദ്രം വഴങ്ങി. യുപിയിലെ ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കുക, അറസ്റ്റ് ചെയ്യുക എന്ന ആവശ്യമാണ് ഇനി ബാക്കിയുള്ളത്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ നിലപാടറിയിക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ വാദം കര്‍ഷകര്‍ അംഗീകരിച്ചു.