Wednesday, April 24, 2024
keralaNews

പെരുനാട് മടത്തുംമുഴിയില്‍ കടുവാ ഭീതി.

പത്തനംതിട്ട: പെരുനാട് മടത്തുംമുഴിയില്‍ കടുവാ ഭീതി. കടുവാ ഭീതിയില്‍ വലയുകയാണ് നാട്ടുകാര്‍.മടത്തുംമൂഴി കുളത്തുംനീരവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ട് പശുക്കളെയാണ് കടുവ കൊന്നത്.സ്വകാര്യ എസ്റ്റേറ്റുകളില്‍ കാട് തെളിക്കാതിരിക്കുന്നതാണ് വനാതിര്‍ത്തി കടന്ന് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഞായറാഴ്ച അര്‍ധരാത്രിയില്‍ പെരുന്നാട് മൂന്നാം വാര്‍ഡില്‍ കുളത്തുംനീരവ് സ്വദേശി വളഞ്ഞനാല്‍ വീട്ടില്‍ റെജി തോമസിന്റെ ഗര്‍ഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇതേ ദിവസം തന്നെ മറ്റ് മൂന്നിടങ്ങളിലാണ് പ്രദേശവാസികള്‍ കടുവയെ കണ്ടതായി പറയുന്നത്.ആദ്യം കടുവ ഇറങ്ങിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കര്‍ഷകന്റെ പശുവിനെയും കടുവ പിടിച്ചു.

കാര്‍മ്മല്‍ എഞ്ചിനിയറിങ്ങ് കോളേജിന് സമീപമുള്ള രണ്ട് സ്ഥലങ്ങളും ജനവാസ മേഖലയാണ്.കുട്ടികളടക്കം നിരവധി ആളുകള്‍ താമസിക്കുന്നിടമാണിത്. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ക്യാമറകള്‍ സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണമാരംഭിച്ചു.പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വനമേഖലകളിലെ പല പ്രദേശങ്ങളിലും ഭീതി നിലനില്‍ക്കെയാണ് പെരുന്നാട്ടില്‍ കടുവയുടെ ആക്രമണമണമുണ്ടാകുന്നത്.

കാട്ടുപന്നിയും കാട്ടുപോത്തുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാറുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് കടുവ ഇറങ്ങുന്നത് ആദ്യം. വനാതിര്‍ത്തിക്കും ജനവാസ മേഖലയ്ക്കും ഇടയില്‍ ഏക്കര്‍ കണക്കിന് സ്വകാര്യ റബര്‍ എസ്റ്റേറ്റുകളാണുള്ളത്. ടാപ്പിങ്ങ് നടക്കാത്ത ഇവിടെ കാട് മൂടി കിടക്കുകയാണ്.ശാസ്ത്രീയമായി കടുവയെ പിടിക്കാനുള്ള നടപടികള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ വനം വകുപ്പ് മന്ത്രിയെ കണ്ടു.