Friday, March 29, 2024
keralaNews

പൂഞ്ഞാറിലെ വികസന പദ്ധതികൾക്കുള്ള തുക നഷ്ടപ്പെടുത്തിയ പൂഞ്ഞാർ എം എൽ എ ജനങ്ങളോട് മാപ്പു പറയണം: അഡ്വ. സെബാസ്റ്റൻ കുളത്തുങ്കൽ

പൂഞ്ഞാറിലെ വിവിധ ഗവൺമെൻറ് പദ്ധതികൾക്കുള്ള ബഡ്ജറ്റ് വിഹിതമടക്കമുള്ള ഫണ്ടുകൾ വിനിയോഗിക്കാൻ പി.സി ജോർജിന് സാധിക്കാത്തതാണ് പൂഞ്ഞാറിൻ്റെ വികസന മുരടിപ്പിന് കാരണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു.

LDF നേതാക്കളുടെ ഇടപെടലിന്റെ ഫലമായി 35 കോടി രൂപയുടെ മുണ്ടക്കയം-ഇളങ്കാട്-വാഗമണ്‍ റോഡ് പദ്ധതിക്ക് അനുമതി ലഭിച്ചു. എന്നാൽ ഇത് സമയബന്ധിതമായി പൂർത്തീകരിക്കാൻ എം എൽ എ ക്ക് സാധിച്ചില്ല. ടൂറിസ്റ്റുകളടക്കം അനേകം സന്ദർശകർ യാത്രാദുരിതം അനുഭവിക്കുകയാണ്.മണ്ഡലത്തിൽ ഒരു മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ചൂണ്ടികാട്ടി.

മുണ്ടക്കയത്ത് ഒരു സബ്ട്രഷറിക്കായി പഞ്ചായത്ത് 10 സെന്റ് സ്ഥലം അനുവദിച്ചു. പക്ഷേ ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തനം.
എരുമേലി സൗത്ത് വാട്ടര്‍ സപ്ലൈ സ്‌കീം പദ്ധതിക്കായി 60 കോടി രൂപയാണ് അനുവദിച്ചത്.പദ്ധതി ഇപ്പോളും പൂർത്തീകരിക്കാൻ സാധിച്ചില്ല.
എരുമേലിയില്‍ ഫയര്‍‌സ്റ്റേഷന്‍ 2018 ൽ സര്‍ക്കാര്‍ അനുവദിച്ചതാണ്. ദേവസ്വം ബോർഡ് ഭൂമി അനുവദിക്കാൻ ധാരണയായതുമാണ്. എന്നാൽ നാളിതുവരെയായി ഇതിന് തുടർ നടപടികൾ സ്വീകരിക്കാൻ എംഎല്‍എ തയ്യാറാകാത്തതിൻ്റെ കാരണം വ്യക്തമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു..

66 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡ്, മുണ്ടക്കയം കുടിവെള്ള പദ്ധതി – 4 കോടി , എരുമേലി ടൗൺഷിപ്പ് , തിടനാട് ഭരണങ്ങാനം റോഡ്, സർക്കാർ സ്ഥലമനുവദിച്ച് നൽകിയ മുണ്ടക്കയം സബ് ട്രഷറി അങ്ങനെ ഫണ്ടനുവദിച്ച നിരവധി പദ്ധതികളാണ് MLA യുടെ അനാസ്തമൂലം പ്രാവർത്തികമാകാഞ്ഞത്.ഇത്രയും വികസന പദ്ധതികൾക്ക് ഗവൺമെന്റ്ഫണ്ട് അനുവദിച്ചിട്ടും ഇതൊന്നും ചെലവഴിക്കാത്തതിനാൽ ലാപ്സായി പോകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി സർക്കാർ അനുവദിച്ച ഫണ്ടും ചിലവാക്കിയ ഫണ്ടും ജനസമക്ഷം സമർപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടുവാൻ പി സി ജോർജ് തയ്യാറാകണം എന്ന് എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വികസനരാഹിത്യത്തിന് എതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.