Friday, April 19, 2024
indiaNews

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.

ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ചെങ്കോല്‍ സ്ഥാപിച്ചായിരിക്കും ഉദ്ഘാടനം. ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യരാത്രിയില്‍ സ്വീകരിച്ച ചെങ്കോലാണ് വീണ്ടും ദില്ലിയിലെത്തിച്ച് ലോക്‌സഭയില്‍ സ്ഥാപിക്കുക.വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയ്ക്ക് എങ്ങനെ അധികാരം കൈമാറണമെന്ന സംശയം ബൗണ്ട് ബാറ്റണ്‍ പ്രഭു ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ഉന്നയിച്ചു. സി രാജഗോപാലാചാരിയാണ് ഇതിന് പോംവഴി കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനം എന്ന സന്ന്യാസി മഠത്തിനോട് ഒരു ചെങ്കോല്‍ നിര്‍മ്മിച്ച് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. പ്രത്യേക വിമാനത്തില്‍ സന്ന്യാസിമാര്‍ കൊണ്ടുവന്ന ആ ചെങ്കോല്‍ ആദ്യം മൗണ്ട് ബാറ്റണ് നല്‍കി. പിന്നീട് തിരിച്ചുവാങ്ങി, ആഗസ്റ്റ് പതിനാല് രാത്രി പതിനൊന്ന് നാല്പത്തിയഞ്ചിന് ജവഹര്‍ലാല്‍ നെഹ്‌റു സന്യാസിമാരില്‍നിന്നും ചെങ്കോല്‍ സ്വീകരിച്ചു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഈ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ അലഹബാദിലുള്ള ചെങ്കോല്‍ ഉദ്ഘാടന ദിവസം പൂജയ്ക്കു ശേഷം പ്രധാനമന്ത്രി സ്വീകരിക്കും. ഇത് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ സ്ഥാപിക്കും. ശിവവാഹനമായ നന്ദിയുടെ അടയാളമുള്ള ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ ഈ ചെങ്കോല്‍ പിന്നീടെല്ലാവരും മറന്നത് ചര്‍ച്ചയാക്കുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യം.