Friday, April 26, 2024
keralaNews

പുതിയ ന്യൂനമര്‍ദം 19 മുതല്‍ കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ 19 മുതല്‍ കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം അത്ര ശക്തമല്ലാത്തതിനാല്‍ 19, 20 തീയതികളില്‍ വിവിധ ജില്ലകളില്‍ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ തുടര്‍ന്നുകൊണ്ടിരുന്ന മഴയ്ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശമനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല.19-ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 20-ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞജാഗ്രത. മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഓറഞ്ച് സമാന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കര്‍ണാടക തീരത്താണ് ന്യൂനമര്‍ദമുള്ളത്. ഇത് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണു സൂചന. ഇതോടൊപ്പം ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദമുണ്ട്. ഇത് ശക്തമായി പതിനെട്ടോടെ ബംഗാള്‍ ഉള്‍ക്കടലിലെത്തി ആന്ധ്രാപ്രദേശ്-തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കേരളതീരത്ത് 17-ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.2 വരെ മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.