Friday, April 26, 2024
keralaNewspolitics

പാനൂരില്‍ യുവതിയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

കണ്ണൂര്‍: പാനൂരില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)നെയാണ് വീട്ടിനുള്ളില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. രാവിലെ 10 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. പാനൂരില്‍ യുവതിയെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും പ്രണയത്തിന്റെ പേരിലുള്ള പകയെന്ന് സംശയം. നാല് മാസമായി പാനൂര്‍ നൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടില്‍ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്. സംഭവത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ സംഭവസ്ഥലത്തേക്ക് തിരിച്ചു.