Friday, April 19, 2024
keralaNews

പരിഷ്‌കരിച്ച പെന്‍ഷനും കുടിശ്ശികയും ഏപ്രില്‍ ഒന്നുമുതല്‍; സര്‍ക്കാര്‍ ഉത്തരവായി

എണ്‍പതു കഴിഞ്ഞ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസ പെന്‍ഷനില്‍ 1000 രൂപ അധികം ലഭിക്കും. ‘സ്‌പെഷ്യല്‍ കെയര്‍ അലവന്‍സി’ന് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. സര്‍വീസ്, കുടുംബ, പാര്‍ട് ടൈം, പാര്‍ട് ടൈം ഫാമിലി, എക്‌സ്‌ഗ്രേഷ്യ, എക്‌സ്‌ഗ്രേഷ്യ ഫാമിലി എന്നീ പെന്‍ഷന്‍ വിഭാഗങ്ങള്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

പരിഷ്‌കരണം നടപ്പാക്കി ഉത്തരവിറങ്ങി. പ്രതിമാസം 191 കോടി രൂപയുടെ അധിക ആനുകൂല്യമാണ് പെന്‍ഷന്‍കാര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ലഭ്യമാക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ പെന്‍ഷന്‍ ലഭിക്കും. ഏപ്രില്‍, മെയ്, ആഗസ്ത്, നവംബര്‍ എന്നിങ്ങനെ നാലു ഗഡുക്കളായി ഈ വര്‍ഷംതന്നെ മുഴുവന്‍ കുടിശ്ശികയും ലഭിക്കും. ആദ്യഗഡു വിതരണം ഏപ്രില്‍ ഒന്നുമുതല്‍. കുടിശ്ശികയായി 3628 കോടിയാണ് വിതരണം ചെയ്യുക.

പരിഷ്‌കരിച്ച പെന്‍ഷനും ശമ്ബള പരിഷ്‌കരണത്തിനും 2019 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തുവര്‍ഷത്തെ യോഗ്യതാ സേവനകാലത്തിന് ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും കൂടിയത് 83,400 രൂപയായും ഉയര്‍ത്തി.

കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയാണ്. കൂടിയത് (സാധാരണ നിരക്ക്) 50,040 രൂപയാക്കി ഉയര്‍ത്തി. പാര്‍ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്ബളം 5780 രൂപയായും കൂടിയത് 11,485 രൂപയായും നിശ്ചയിച്ചു.
ശമ്ബള പരിഷ്‌കരണത്തിന്റെ അതേ നിരക്കിലാണ് പെന്‍ഷന്‍ പരിഷ്‌കരണവും. നിലവിലെ അടിസ്ഥാന പെന്‍ഷനെ 1.38 കൊണ്ട് ഗുണിക്കുമ്‌ബോഴുള്ള തുകയാണ് പുതിയ പെന്‍ഷന്‍. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 300ല്‍നിന്ന് 500 രൂപയാക്കി. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഇത് തുടരും. വിരമിക്കല്‍ ഗ്രാറ്റിയുവിറ്റി പരിധി 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കി.