Thursday, April 25, 2024
keralaNews

പത്ത് ദിവസത്തിനകം സര്‍ക്കാര്‍ ഖജനാവിലെത്തിയത് 86 ലക്ഷം

തിരുവനന്തപുരം; അനാശ്യമായി ഹോണടിച്ചാലും പിഴയാണ്. അനാവശ്യമായി ഹോണടിച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിച്ചുകൊടുത്ത പിഴയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്ത് ദിവസത്തിനിടെ 86,64 ലക്ഷം രൂപയാണ് അനാവശ്യ ഹോണടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ഇടാക്കിയത്. ഡിസംബര്‍ എട്ടു മുതല്‍ 17 വരെ നടത്തിയ ‘ഓപ്പറേഷന്‍ ഡെസിബെല്‍’ പരിശോധനയിലാണ് മോട്ടോര്‍ വാഹനവകുപ്പ് ഇത്രയും തുക പിഴയായി ചുമത്തിയത്. അനാവശ്യമായി ഹോണ്‍ അടിക്കുന്നവര്‍ക്കും സൈലന്‍സര്‍ ഘടിപ്പിക്കുന്നവര്‍ക്കുമെതിരെയാണ് നടപടി. ഏറ്റവുമധികം പിഴയടച്ചത് എറണാകുളം ജില്ലയിലാണ്. തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

വാഹനത്തിനൊപ്പം വരുന്ന സാധാരണ തരം ഹോണുകള്‍ പലരും മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം മേഖലകളില്‍ നിന്നുള്ള കേസുകളാണ് ഇതില്‍ കൂടുതലും. അതേസമയം, ഉയര്‍ന്ന ഡെസിബല്‍ ഹോണ്‍ മുഴക്കിയില്ലെങ്കില്‍ പോലും സംശയാസ്പദമായ സാഹചര്യത്തില്‍ ഹോണ്‍ തരം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ചില ഹോണ്‍ ശബ്ദങ്ങള്‍ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ ഞെട്ടല്‍ സൃഷ്ടിക്കുകയും അത് ശ്രദ്ധ തിരിക്കാന്‍ കാരണമാവുകയും ചെയ്യാറുണ്ട്. ഇത് മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നുവെന്നാണ് പഠനം. ഈ സാഹചര്യത്തിലാണ് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുന്നത്.