Friday, March 29, 2024
keralaNewspolitics

പച്ചക്കള്ളം വിളിച്ചുപറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹജസ്വഭാവമായി മാറിയെന്ന് കുമ്മനം രാജശേഖരന്‍.

പച്ചക്കള്ളം വിളിച്ചുപറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹജസ്വഭാവമായി മാറിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്പ്രിങ്ക്‌ലെര്‍ കരാറിന്റെ കാര്യത്തിലും സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയെ സംബന്ധിച്ചും മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അറിയില്ല, കണ്ടില്ലെന്ന എന്നൊക്കെയാണ്. ആഴക്കടല്‍ മത്സ്യബന്ധന അമേരിക്കന്‍ കരാറിന് പുറകിലെ അഴിമതി സംബന്ധിച്ച മുഴുവന്‍ എഴുത്തുകുത്തുകളും പുറത്തുവന്നതോടെ മുഖ്യമന്ത്രി ആദ്യം പറഞ്ഞ കള്ളം പൊളിഞ്ഞു. സത്യം പുറത്തുവരുമ്പോള്‍ ആദ്യം പറഞ്ഞത് തിരുത്തി വിഷയങ്ങളില്‍ നിന്ന് അദേഹം ഒളിച്ചോടുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് മുന്നണിയിലെ പാര്‍ട്ടികളും നേതാക്കളും അഴിമതി നടത്തി കീശവീര്‍പ്പിച്ചു. കേരളത്തിന്റെ വികസനത്തിലല്ല മറിച്ച് അഴിമതിയും കൊള്ളയും വെട്ടിപ്പും തട്ടിപ്പും നടത്തുന്നതിലായിരുന്നു അവര്‍ക്ക് ശ്രദ്ധയെന്ന് കുമ്മനം പറഞ്ഞു. നാല് ലക്ഷം കോടിരൂപയുടെ കടത്തില്‍ കേരളത്തെ കൊണ്ടെത്തിച്ച ഭരണത്തില്‍ അഴിമതിയുടെ കുത്തൊഴുക്കായിരുന്നു. ഖജനാവ് കാലിയാക്കി പോകുന്ന ഈ മുന്നണി തുടര്‍ഭരണം നേടുന്നതിനാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടു കാണിച്ച് ലക്ഷക്കണക്കിന് ഇരട്ട വോട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. അധികാരം പിടിച്ചെടുക്കാനുള്ള അവരുടെ ശ്രമം വിലപ്പോകില്ലെന്നും കുമ്മനം പ്രതികരിച്ചു.

ശബരിമലയില്‍ അടക്കം ഭക്തരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. യുഡിഎഫും അവിടെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. ആചാരസംരക്ഷണത്തിനായി ഭക്തര്‍ നടത്തിയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പതിനായിരങ്ങളെ കള്ളക്കേസില്‍ കുടുക്കി. ശബരിമലയുടെ പാവനത തകര്‍ത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് കേരളത്തിന് വര്‍ഷാവര്‍ഷം ലഭിച്ചിരുന്ന പതിനായിരം കോടിരൂപയുടെ റവന്യൂവരുമാനം ഇല്ലാതാക്കി. വിശ്വാസസംരക്ഷണത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും മാപ്പു പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.