Wednesday, April 24, 2024
keralaNewspolitics

പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിപിഐ സംഘടന സമരത്തിലേക്ക്

പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിപിഐയുടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന. പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് വിവരാവകാശപ്രകാരം ചോദിച്ചിട്ടും സംഘടനക്ക് നല്‍കിയില്ല. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 2013 ഏപ്രില്‍ ഒന്ന് മുതല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണ് ഉള്ളത്. ഈ പദ്ധതി പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പ്രത്യേകസമിതിയെ നിയമിച്ചിരുന്നു. റിട്ട ജില്ലാ ജഡ്ജി എസ് സതീശ്ചന്ദ്രബാബുന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ഏപ്രില്‍ 30 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്.

എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വിവരാവകാശരേഖ പ്രകാരം ചോദിച്ചള്‍ ജോയിന്റ് കൗണ്‍സിലിന് ലഭിച്ച മറുപടിയില്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നാണ് മറുപടി. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് 2016ല്‍ അധികാരത്തിലെത്തിയ ഒന്നാം പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് സമിതി തന്നെ രൂപീകരിച്ചത്. ഈ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഇതുവരെയും ഒരു നടപടിയുമെടുത്തില്ല. ഇതില്‍ ഇടതുജീവനക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇതിനിടെയാണ് ജോയിന്റെ കൗണ്‍സില്‍ സര്‍ക്കാരിനെതിരെ പരസ്യപ്രക്ഷോഭവുമായി രംഗത്ത് വരുന്നത്.