Saturday, April 20, 2024
keralaNews

നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

ഭക്തര്‍ ശബരിമലയിലേക്ക് എത്തി തുടങ്ങിയിട്ടും നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.ടോയ്ലറ്റ് കോംപ്ലക്സുകള്‍ വൃത്തിയാക്കാത്തതും കുടിവെള്ള വിതരണത്തിലെ പോരായ്മകളും ഭക്തരെ വലയ്ക്കുന്നു. ഹോട്ടലുകള്‍ ലേലത്തില്‍ പോയിട്ടില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം മാത്രമാണ് ആശ്രയം.വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിശോധനയും കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടതും പമ്പയിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ പാസ് വിതരണവും പാര്‍ക്കിംഗും എല്ലാം നിലക്കലില്‍. ബേസ് ക്യാമ്പില്‍ കയറാതെ ഭക്തര്‍ക്ക് പമ്പയിലേക്ക് പോകാനാവില്ലെന്ന് ചുരുക്കം. ശൗചാലയങ്ങളും ഹോട്ടലുകളും ലേലത്തില്‍ പോകാത്തതിനാല്‍ ബുദ്ധിമുട്ടുകളേറെയാണ്. വൃത്തിഹീനമായ ശൗചാലയങ്ങളെപ്പറ്റിയും കുടിവെള്ള വിതരണത്തിലെ പോരായ്മയെക്കുറിച്ചും ആദ്യദിനം പരാതി ഉയര്‍ന്നു.ബുക്കിംഗ് സമയത്തിന് മുന്‍കൂട്ടി എത്തുന്നവര്‍ക്കും മലയിറങ്ങിവരുന്നവരെ കാത്ത് കിടക്കുന്ന ഡ്രൈവര്‍മാര്‍ക്കും ഭക്ഷണത്തിന് സ്വകാര്യ ഹോട്ടലുകളില്ല. ദേവസ്വം ബോര്‍ഡ് മൂന്നു നേരം അന്നദാനം നടത്തുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ 10,000 പേര്‍ മാത്രമാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്.മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തിന് ശേഷം സ്പോട്ട് ബുക്കിംഗ് കൂടി ആരംഭിച്ചാല്‍ കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. അതിന് മുമ്പായി നിലക്കലിലെ പോരായ്മകള്‍ പരിഹരിക്കേണ്ടതുണ്ട്.