Tuesday, April 23, 2024
indiakeralaNews

നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.

നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. കേസില്‍ കേരള സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കെടി ജലീല്‍ എംഎല്‍എ എന്നിവരടക്കം കൈയ്യാങ്കളി കേസില്‍ പ്രതികളായ ആറ് എംഎല്‍എമാരും വിചാരണ നേരിടേണ്ടി വരും.

നിയമസഭ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കൈയ്യാങ്കളി കേസിനപ്പുറം നിയമസഭകളുടേയും പാര്‍ലമെന്റിന്റയും അതിലെ അംഗങ്ങളുടേയും സവിശേഷ അധികാരങ്ങള്‍ കൂടി പുനര്‍നിര്‍ണയിക്കുന്നതാണ് സുപ്രീംകോടതിയില്‍ നിന്നും വരുന്ന വിധി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. നിയമസഭയ്ക്കുള്ളില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസില്‍ വാദം കേള്‍ക്കവെ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാന്‍ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു.