Friday, April 19, 2024
keralaNews

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സാവകാശം വേണമെന്ന് :ക്രൈംബ്രാഞ്ച്

കൊച്ചി :നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു മൂന്നു മാസം കൂടി സാവകാശം വേണമെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിചാരണക്കോടതിയില്‍. തുടരന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകാനുണ്ട്. പ്രതികളുടെ ശബ്ദ സാംപിളുകള്‍ ഇനിയും ശേഖരിക്കാനുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്കു കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി മാര്‍ച്ച് ഒന്നിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു ബുദ്ധമുട്ടുണ്ടെന്നും കോടതി സമയപരിധി വയ്ക്കുന്നതില്‍ തടസ്സമില്ലെന്നും അറിയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘം തുടരന്വേഷണം എന്ന പേരില്‍ പുനരന്വേഷണം നടത്തുന്നതെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിനു പിന്നാലെയാണ് തനിക്കെതിരെ വീണ്ടും അന്വേഷണം ഉണ്ടായതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു.