Friday, March 29, 2024
keralaNewspolitics

ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.

റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കെഎസ്എഫ്ഇ റെയ്ഡില്‍ വിജിലന്‍സിന് ദുഷ്ടലാക്കില്ല. വിജിലന്‍സിന്റെ അന്വേഷണം സ്വാഭാവിക നടപടി മാത്രമാണ്. അഴിമതി പരിശോധിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. പൊതുമരാമത്ത് വകുപ്പില്‍ തന്നെ 12 തവണ പരിശോധന നടന്നിട്ടുണ്ട്. പത്രത്തിലും ചാനലുകളിലും വന്നപ്പോഴാണ് പരിശോധന വിവരം താന്‍ അറിഞ്ഞതെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

ഞാന്‍ അഴിമതിക്കെതിരെ നടപടിയെടുക്കുന്നയാളാണ്. അതുകൊണ്ട് അഴിമതിയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ എനിക്ക് സന്തോഷമാണുള്ളത്. എന്തിനാണ് അന്വേഷണ ഏജന്‍സികളെ ഇങ്ങനെ ഭയക്കുന്നത്. കെഎസ്എഫ്ഇയിലെ റെയ്ഡ് ഒരു തരത്തിലും സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതല്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.ഒരു ഇടവേളയ്ക്ക് ശേഷം സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവരികയാണ്. ഐസക്കും സുധാകരനും തമ്മിലുള്ള പോര് പണ്ട് മുതല്‍ തന്നെ പരസ്യമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇത് ഒതുങ്ങിയിരിക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം തലപൊക്കിയ ഐസക്കും സുധാകരനും തമ്മിലുള്ള പോര് പാര്‍ട്ടിയ്ക്ക് വലിയ തലവേദനയാണ് തെരഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിച്ചിരിക്കുന്നത്.