Thursday, April 18, 2024
keralaNews

ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും ;പെന്‍ഷനും ശമ്പളവും മുന്‍കൂര്‍ നല്‍കും

അടുത്ത മാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി ഈ മാസം അവസാനം വിതരണം ചെയ്യാന്‍ തീരുമാനം. ശമ്പളവിതരണവും തിരഞ്ഞെടുപ്പ് ചെലവുകളും നടത്താന്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കും. ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കിലെ തകരാറുകള്‍ വിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കാനും നടപടിയെടുത്തു.വോട്ടെടുപ്പിന് മുമ്പ് ക്ഷേമപെന്‍ഷനും ശമ്പളവും ജനങ്ങളുടെ കയ്യിലെത്തുന്നെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. ഇതിനായി ധനമന്ത്രി തോമസ് ഐസക് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ മാസത്തെയും വിഷുവിന് മുമ്പ് നല്‍കാന്‍ തീരുമാനിച്ച അടുത്ത മാസത്തെയും ക്ഷേമപെന്‍ഷനാണ് അടുത്തയാഴ്ച വിതരണം ചെയ്യുന്നത്. ഇതോടെ രണ്ടുമാസത്തെ പെന്‍ഷന്‍ ചേര്‍ത്ത് 3100 രൂപ അടുത്തയാഴ്ച ജനങ്ങളുടെ കയ്യിലെത്തും.അടുത്തമാസം വര്‍ധിപ്പിച്ച ശമ്പളമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. ഇതിനായി ഡിഎ കുടിശിക ബില്ലുകള്‍ ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. ഇതോടൊപ്പം സ്പാര്‍ക്കിലെ തകരാറുകള്‍ പരിഹരിക്കാനും നടപടി തുടങ്ങി. തകരാര്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എന്‍ഐസി അറിയിച്ചതിനെ തുടര്‍ന്ന് പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനം തേടി പ്രശ്‌നം പരിഹരിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഗസറ്റഡ് റാങ്കിലുള്ളവരുടെ ശമ്പളം പരിഷ്‌കരിക്കുന്ന ജോലികള്‍ വേഗത്തിലാക്കാന്‍ എജിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. സര്‍വീസ് പെന്‍ഷന്‍കാരുടെയും ട്രഷറി വഴി പെന്‍ഷന്‍ വാങ്ങുന്ന യുജിസി അധ്യാപകരുടെയും പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. ഏപ്രിലിലെ ആദ്യ പ്രവൃത്തി ദിവസം തന്നെ വിതരണം ചെയ്യാനാണ് ശ്രമം. അടുത്തമാസം ആദ്യം പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ അവധികള്‍ വരുന്നതിനാല്‍ തടസം േനരിടാതിരിക്കാന്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി നല്‍കും.