Friday, March 29, 2024
indiaNews

തീവ്ര ന്യൂന മര്‍ദ്ദം; തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്തമഴക്കും കാറ്റിനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദം ആയി മാറിയതോടെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്തമഴ. തീവ്ര ന്യൂനമര്‍ദ്ദംപടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കന്‍ തമിഴ്‌നാട് – തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നാളെ രാവിലെ കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

ആന്ധ്രയുടെ തീരമേഖലയില്‍ വീണ്ടും കനത്ത മഴ. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കമുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ചിറ്റൂരില്‍ സ്വര്‍ണമുഖി നദീ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.മൈസൂരു അടക്കം കര്‍ണാടകയുടെ തീരമേഖലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്‍ഡമാനില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിലേയ്ക്ക് കടന്നതോടെ തമിഴ് നാടിന്റെ വിവിധമേഖലകളില്‍ വീണ്ടും മഴ തുടങ്ങി. കാവേരി ഡല്‍റ്റ മേഖലയിലെ ജില്ലകളിലും ചെന്നൈയോടു ചേര്‍ന്നുള്ള നാല്ജില്ലകളിലുമാണ് വീണ്ടും മഴ. നിലവില്‍ മഴ ശക്തമല്ലെങ്കിലും വരും മണിക്കൂറുകളില്‍ അതിശക്തമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പേട്ട്, ചെങ്കല്‍പേട്ട് എന്നീ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്അവധിയാണ്. ചെന്നൈ നഗരത്തിലും മറ്റ് തീരമേഖലകളിലും കഴിഞ്ഞയാഴ്ച പെയ്ത തീവ്രമഴ സൃഷ്ടിച്ചവെള്ളക്കെട്ട് ദുരിതം തീരുംമുമ്പാണ് വീണ്ടും മഴ ഭീഷണി.

ഇന്ന് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പ് അനുസരിച്ച് കേരളത്തില്‍ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. തിരുവനന്തപുരവും കൊല്ലവും ഒഴികെ സംസ്ഥാനത്തെ പത്ത് ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്.