Tuesday, April 23, 2024
BusinesskeralaNews

തിരുവനന്തപുരം വിമാനത്താവളം ; തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് എംഎ യുസഫലി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലി അറിയിച്ചു. വിമാനത്താവളം നടത്താന്‍ അദാനി ഗ്രൂപ്പിന് നല്‍കിയത് കേന്ദ്രസര്‍ക്കാരാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമായി തനിക്ക് ബന്ധമില്ലെന്നും യുസഫി വ്യക്തമാക്കി. സൂം വഴി നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ചുമതല ലഭിക്കാന്‍ അപേക്ഷിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കേരള-കേന്ദ്ര സര്‍ക്കാരിന്റെ തര്‍ക്കത്തിലേക്ക് എന്നിട്ടും തന്റെ പേര് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഷോപ്പിംഗ് മാളും എല്ലാവിധ സജ്ജീകരണങ്ങളുമായി ഹയാത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ ലുലു ഗ്രൂപ്പ് പണിതുവരികയാണ്. വലിയ നിക്ഷേപമാണ് തിരുവനന്തപുരത്ത് ലുലു നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവള വികസനത്തിനും നവീകരണത്തിനും സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയില്‍ വളരണമെന്നാണ് ആഗ്രഹം. നെടുമ്പാശേരി വിമാനത്തവാളത്തിന്റെ ഉടമകളായ സിയാലില്‍ താന്‍ ഉള്‍പ്പടെ 19600 ഓഹരി ഉടമകളുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ അത് 8000ല്‍ കൂടുതലാണ്. അവിടെ എപ്പോഴും ഓഹരികള്‍ ആര്‍ക്ക് വേണമെങ്കിലും വാങ്ങാം. എന്നിട്ടും തന്നെ മാത്രം ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസിലാകില്ലെന്നും യൂസഫലി പറഞ്ഞു.