Wednesday, April 17, 2024
keralaNews

തലസ്ഥാനനഗരം ഉണര്‍ന്നു “ഓണത്തിരക്കിലേക്ക്”….

 

മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ പതിയെ ഉണര്‍ന്നു തുടങ്ങുകയാണ് തലസ്ഥാനത്തെ വ്യാപാരമേഖല. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കിയാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകളടക്കമുള്ളവ തുറന്നത്.ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും, നഗരത്തില്‍ പരക്കെ വ്യാപിക്കാതെ പിടിച്ചുനിര്‍ത്താനായെന്ന വിലയിരുത്തലിലാണ് ഇളവുകള്‍. കോവിഡ് വ്യാപനം ശമനമില്ലാതിരിക്കെ എല്ലാം തുറന്നു കൊടുത്തതില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വ്യാപാരമേഖല ഉണരുന്നതാണ് തലസ്ഥാനത്തെ കാഴ്ച്ച.

ഓരോരുത്തര്‍ക്കും പ്ലാസ്റ്റിക് കവര്‍ കൊണ്ടുള്ള ഗ്ലൗസ്, അകത്ത് ഒരേസമയം നിശ്ചിത ആളുകള്‍ മാത്രം, പുറത്ത് കാത്തിരിക്കാന്‍ പ്രത്യേകം സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് ഫോണ്‍ നമ്പരടക്കം രേഖപ്പെടുത്തിയാണ് പ്രവേശനം.ഓണം വരാനിരിക്കെ, ദേശീയ ലോക്ക്ഡൗണ്‍ മുതല്‍ ഇങ്ങോട്ട് നിയന്ത്രണങ്ങളില്‍ ഞെരുങ്ങിയ വ്യാപാരമേഖലയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്. തലസ്ഥാനത്തെ ഏക മാളായ മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നിട്ടില്ല. നഗരസഭ ലൈസന്‍സ് റദ്ദാക്കിയ രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റും അടഞ്ഞു കിടക്കുന്നു.

ഹോട്ടലുകള്‍ക്ക് ഒന്‍പത് മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പാഴ്‌സല്‍ മാത്രമാണ് അനുവദനീയം. നേരത്തെ നീണ്ട ലോക്ക് ഡൗണിലും നഗരത്തില്‍ പുതിയ മേഖലകളില്‍ വ്യാപനുമുണ്ടായതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒപ്പം ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്നും, ഓണം വരാനിരിക്കെ ഇനിയും അടച്ചിട്ടാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന വിലയിരുത്തലും ശക്തമായതോടെയാണ് ഇളവുകള്‍ അനുവദിച്ചത്.കോവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണെങ്കിലും നഗരമേഖലയില്‍ ഒറ്റപ്പെട്ട കേസുകളൊഴിച്ചാല്‍ പരക്കെ വ്യാപനമുണ്ടായില്ലെന്നതും ലോക്ക് ഡോണ്‍ പിന്‍വലിക്കുന്നതിന് കാരണമായി. അതിനിടെ ഓണ വ്യാപാരത്തിരക്കില്‍ കേസുകള്‍ കൂടുമോയെന്ന ആശങ്ക ശക്തമാവുകയും ചെയ്യുന്നു