Thursday, April 18, 2024
indiaNewspolitics

ജെബി മേത്തര്‍ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ആലുവ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ജെബി. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഒറ്റ പേരിലേക്ക് എന്താത്തതോടെ കെ.സുധാകരന്‍ നല്‍കിയ മൂന്നുപേരടങ്ങിയ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്‍ഡ് ജെബിക്ക് അവസരം നല്‍കിയത്.

വനിതാ യുവ ന്യൂനപക്ഷ മുഖം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയായി ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല തുടങ്ങിയ ഘടകങ്ങളും കെ.സി.വേണുഗോപാല്‍ – വി.ഡി.സതീശന്‍ അച്ചുതണ്ടിന്റെ പിന്തുണയുമാണ് ജെബി മേത്തറിന് രാജ്യസഭയിലേക്കുള്ള വാതില്‍ തുറന്നത്. കെ.സുധാകരന്റെയും ഐ ഗ്രൂപ്പിന്റെയും നോമിനിയായ എം.ലിജുവിനെയും ഏ ഗ്രൂപ്പിന്റെ ജെയ്‌സണ്‍ ജോസഫിനെയും തള്ളിയാണ് കെപിസിസി അധ്യക്ഷന്‍ നല്‍കിയ പട്ടികയില്‍ നിന്ന് ജെബിയുടെ പേരിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി വീശിയത്. മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയിലേക്ക് മൂന്നുതവണ മല്‍സരിച്ച് പരാജയപ്പെട്ടത് ലിജുവിനും 2011ലെ തോല്‍വി ജെയ്‌സണും തിരിച്ചടിയായി.

കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്‌സഭയിലും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് എംപി ഉണ്ടായിരുന്നില്ലെന്നതും ജെബിക്ക് അനുകൂല ഘടകമായി. നിയമ പഠനത്തില്‍ ബിരുദാന്തര ബിരുദമുള്ള ജെബി, 2010 മുതല്‍ ആലുവ നഗരസഭയിലെ കൗണ്‍സിലറാണ്. ഇത്തവണ നഗരസഭ വൈസ് ചെയര്‍പേഴ്‌സണുമായി. കെപിസിസി അധ്യക്ഷനായിരുന്ന ടി.ഒ. ബാവയുടയും കെപിസിസി ട്രഷററായിരുന്ന കെ.സി.എം. മേത്തറിന്റെയും കൊച്ചുമകളായ ജെബിയുടെ പിതാവ് കെ.എം.ഐ മേത്തര്‍ കെപിസിസി ജനറല്‍ സെക്രടറിയായിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി മൂന്നു മാത്രം നിയമിതയായ ജെബിക്ക് രാജ്യസഭാ ഇരട്ട പ്രൊമോഷനാണ്.