Thursday, March 28, 2024
keralaNewspolitics

ജി.സുധാകരനു വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ സമിതി.

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി.സുധാകരനു വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ സമിതി. റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ വച്ചു. സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയെടുക്കുക. സുധാകരനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരന്റെ നടപടികളെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ എംഎല്‍എ എച്ച്.സലാമിനെതിരെയും വിമര്‍ശനമുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. തിരഞ്ഞെടുപ്പില്‍ ജി.സുധാകരന്‍ നിഷേധ സമീപനമെടുത്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാര്‍ഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചു. എച്ച്.സലാം തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാന്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമ്പലപ്പുഴ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും ജി.സുധാകരന്‍ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന്‍ തനിക്കു സഹകരണമൊന്നും നല്‍കിയില്ലെന്ന് സലാം ആരോപിച്ചത്. തന്നെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്കു കൂട്ടുനിന്നെന്നും ആദ്യഘട്ടത്തില്‍ പ്രചാരണത്തിനെത്തിയില്ലെന്നും സലാം കുറ്റപ്പെടുത്തി. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗവും സുധാകരനെ കുറ്റപ്പെടുത്തിയോടെ സംസ്ഥാന കമ്മിറ്റി വിഷയം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ യോഗത്തെ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ചില സംഘടനാ വിഷയങ്ങള്‍ ഉയര്‍ന്നെന്നും അവിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു സഹായകരമല്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നുമായിരുന്നു സെക്രട്ടേറിയറ്റ് നേരത്തെ അംഗീകരിച്ച തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്തു വേണമെന്ന കാര്യം ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. കര്‍ശന നടപടിയെടുക്കാനാണ് തീരുമാനമെങ്കില്‍ സുധാകരനെ തരംതാഴ്ത്തിയേക്കും. എന്നാല്‍, നടപടിയുണ്ടാക്കില്ലെന്ന പ്രതീക്ഷയാണ് സുധാകരനോടൊപ്പമുള്ളവര്‍ക്കുള്ളത്. എച്ച്.സലാമിന്റെ വോട്ട് കുറഞ്ഞില്ല എന്നതടക്കമുള്ള വാദങ്ങളാണ് സുധാകരപക്ഷം മുന്നോട്ടുവയ്ക്കുന്നത്.