Wednesday, April 24, 2024
indiaNews

ജിഡിപി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞു ;കോവിഡ് ഇന്ത്യയെ അതിഭീകരമായി ബാധിച്ചു രഘുറാം രാജന്‍

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ ഇടിവ് ആശങ്കയുണ്ടാക്കുന്നതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ജിഡിപി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കോവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും രഘുറാം രാജന്‍ പറഞ്ഞു. തന്റെ ലിങ്ക്ഡ് ഇന്‍ പേജില്‍ എഴുതിയ കുറിപ്പിലാണ് രാജ്യത്തെ സാമ്പത്തിക നിലയെ രഘുറാം രാജന്‍ വിലയിരുത്തുന്നത്.
ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.ഡി.പി കണക്കുകള്‍ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസപദ്ധതികള്‍ അനിവാര്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സമീപനം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ധനപരമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ സാമ്പത്തിക രംഗത്തെ കുതിപ്പ് പ്രതീക്ഷിച്ച് നമ്മുടെ വിഭാവങ്ങള്‍ കാത്തുവയ്ക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്നെക്ക് കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നില്ല. എന്നാല്‍ ഇത്തരം ഒരു തന്ത്രം ശരിക്കും സ്വയം തോല്‍ക്കുന്നതിന് സമമാണ്. സര്‍ക്കാറിന്റെ ദുരിതാശ്വസവും വിപണിയിലെ പിന്തുണയുമാണ് ഇപ്പോള്‍ വേണ്ടത്. ഇത് ഇല്ലെങ്കില്‍ സാമ്ബത്തിക രംഗത്തിന്റെ വളര്‍ച്ച ശേഷിയെ തന്നെ ഗുരുതരമായി ബാധിക്കും അദ്ദേഹം പറയുന്നു.