Thursday, April 25, 2024
indiaNewsUncategorized

ജമ്മുവിലെ അശരണര്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ജമ്മുവിലെ അശരണര്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ സൈന്യം.പൂഞ്ചിലെ മെന്ദറില്‍ സ്ഥിതിചെയ്യുന്ന നാരി നികേതന്‍ അനാഥാലയത്തിലെ അന്തേവാസികളായ 26 പെണ്‍കുട്ടികളെയാണ് സൈന്യം ദത്തെടുത്തത്.

സമൂഹത്തില്‍ അനാഥരായ കുട്ടികളെയും സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി ഉല്‍പാദനക്ഷമതയുള്ള വിഭാഗത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം.കൃഷ്ണ ഘാട്ടി സെക്ടറിലെ സൈനിക ഉദ്യോഗസ്ഥരുടേതാണ് പ്രശംസാവഹമായ നീക്കം. നാരി നികേതന്‍ അനാഥാലയത്തില്‍ ആകെ 26 പെണ്‍കുട്ടികളും നാല് വിധവകളുമാണ് ഉണ്ടായിരുന്നത്.

കുട്ടികളെ ദത്തെടുത്തതോടെ എല്ലാ പെണ്‍കുട്ടികളുടെയും ഉത്തരവാദിത്വം ഇനിമുതല്‍ സൈന്യത്തിനായിരിക്കും. പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദാണ് ഇക്കാര്യമറിയിച്ചത്.

ദത്തെടുത്ത കുട്ടികളുടെ വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, ആരോഗ്യം, ക്ഷേമം എന്നീ ആവശ്യങ്ങള്‍ സൈന്യം നിറവേറ്റുമെന്ന് ദേവേന്ദര്‍ ആനന്ദ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കുന്നത് വരെ സൈന്യം അവരുടെ സംരക്ഷണം സൈന്യം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ സമാനമായ നീക്കം സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ജമ്മുവിലെ അഖ്‌നൂര്‍ പ്രദേശത്ത് സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ആശാ ബേക്കറി ആരംഭിച്ചു. സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് സംരംഭത്തിന് തുടക്കമിട്ടത്. ഭന്‍വാരനിലെയും അഖ്‌നൂറിന് ചുറ്റുമുള്ള മറ്റ് ഗ്രാമങ്ങളിലെയും സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം നല്‍കുക എന്നതായിരുന്നു സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.