Saturday, April 20, 2024
keralaLocal NewsNews

ചെറുവള്ളി വിമാനത്താവളം ;റണ്‍വേയുടെ മണ്ണ് പരിശോധിക്കാനെത്തിയ സംഘത്തെ തോട്ടം അധികൃതര്‍ തടഞ്ഞു.

എരുമേലി:എരുമേലി ചെറുവള്ളി തോട്ടത്തില്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റണ്‍വേയിലെ മണ്ണ് പരിശോധിക്കാനായി പെഗ് മാര്‍ക്ക് ചെയ്യാനെത്തിയ സംഘത്തെ തോട്ടം അധികൃതര്‍ തടഞ്ഞു.ഇന്ന് രാവിലെയായിരുന്നു സംഭവം.ചെറുവള്ളി തോട്ടത്തിന്റെ മധ്യഭാഗത്ത് കൂടി കിഴക്ക് – പടിഞ്ഞാറ് ദിശയില്‍ മൂന്ന് കിലോമീറ്റര്‍ ആണ് വിമാനത്താവള പദ്ധതിക്കായി റണ്‍വേ കണ്ടെത്തിയിരിക്കുന്നത്.ഈ മൂന്ന് കിലോമീറ്ററിനുള്ളിലെ മണ്ണ് പരിശോധിക്കനായിരുന്നു ഇന്നത്തെ ശ്രമം.റവന്യൂ വകുപ്പ്,കോട്ടയം ജില്ല കളക്ടര്‍, തോട്ടം മാനേജ്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് സ്വകാര്യ കള്‍ട്ടന്‍സി ഏജന്‍സിയായ ലൂയിസ് ബര്‍ഗ് പ്രതിനിധികളുമായി മണ്ണ് പരിശോധനക്ക് എത്തിയത്.എന്നാല്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്കെതിരെ ചെറുവള്ളി തോട്ടം അധികൃതര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാതെയാണ് മണ്ണ് പരിശോധനക്ക് ഇന്ന് സംഘം എത്തിയതെന്നും മാനേജ് മെന്റ് അധികൃതര്‍ പറഞ്ഞു.

റണ്‍വേയിലെ മണ്ണ് പരിശോധനയ്ക്കായി പെഗ്ഗ് മാര്‍ക്ക് അടയാളപ്പെടുത്തുന്നതിനായി മുന്‍പ് നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നതായും അതിന്റെ ഭാഗമായാണ് ഇന്ന് അളക്കാന്‍ എത്തിയതെന്നും റവന്യൂ വകുപ്പ് അധികൃതരും പറഞ്ഞു.കളക്ടറുടെ ഉത്തരവ് ലഭിച്ചാല്‍ മണ്ണ് അളക്കുന്നത് അനുവദിക്കുമെന്നും തോട്ടം അധികൃതര്‍ പറഞ്ഞു.കളക്ടര്‍ മായുള്ള ചര്‍ച്ചയില്‍ ഇന്ന് ഉച്ചക്ക് ശേഷം ഉത്തരവ് ലഭിച്ചാല്‍ നാളെ മുതല്‍ മണ്ണ് പരിശോധന ആരംഭിക്കുമെന്നും റവന്യൂ വകുപ്പും പറഞ്ഞു.

റണ്‍വേയില്‍ 20 മീറ്റര്‍ താഴ്ച്ചയില്‍ എട്ടു കുഴികളാണ് (കുഴല്‍ കിണര്‍ പോലെ)മണ്ണ് പരിശോധനയ്ക്കായി നിര്‍മ്മിക്കുന്നത്.മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മണ്ണെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ 21 ദിവസത്തിനുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏജന്‍സി അധികൃതര്‍ പറഞ്ഞു.എടുക്കുന്ന മണ്ണ് മുംബൈയിലെ ലാബിലാണ് പരിശോധിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.തോട്ടത്തിലെ റണ്‍വേയുടെ നിര്‍മ്മാണം സംബന്ധിച്ച് ഡ്രോണ്‍ ഉപയോഗിച്ച് നേരത്തെ റണ്‍വേ അടയാളപ്പെടുത്തിയിരുന്നു.എരുമേലി വില്ലേജ് ഓഫീസര്‍ വര്‍ഗീസ് ജോസഫ്,മണിമല വില്ലേജ് ഓഫീസര്‍ ബിനോയി സെബാസ്റ്റ്യന്‍,ഹെഡ് ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയപ്രകാശ്,ഹെഡ് സര്‍വ്വേയര്‍ സാലമ്മ യോഹന്നാന്‍,താലൂക്ക് സര്‍വേയര്‍ രാജേഷ്, ക്ലര്‍ക്ക് മാരായ വിദ്യ, മൈക്കിള്‍ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്.