Saturday, April 20, 2024
indiakeralaNews

ചില തീരുമാനങ്ങള്‍ ആദ്യം മോശമായി തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കും : പ്രധാനമന്ത്രി

ചില തീരുമാനങ്ങള്‍ ആദ്യം മോശമായി തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയിലേക്കുള്ള നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.’നിരവധി തീരുമാനങ്ങള്‍ ഇപ്പോള്‍ മോശമായി തോന്നും. കാലക്രമേണ, ആ തീരുമാനങ്ങള്‍ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കും’ അഗ്‌നിപഥ് പദ്ധതിയുടെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ 28,000 കോടി രൂപയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

’40 വര്‍ഷം മുന്‍പ് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികള്‍ അന്ന് ചെയ്തിരുന്നുവെങ്കില്‍ ബെംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. അതുകൊണ്ട് സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.