Friday, April 19, 2024
keralaNews

ചങ്ങനാശേരി മാടപ്പള്ളിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം പ്രദേശവാസികള്‍ തടഞ്ഞു.

ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തില്‍പ്പെട്ട പതിമൂന്നാം വാര്‍ഡില്‍ മാടപ്പള്ളി പട്ടിച്ചിറ കുഴിയാനിമറ്റത്ത് 71 വയസ്സുകാരനായ കൊച്ചുകുട്ടന്‍ കോവിഡ് ബാധിച്ചാണ് മരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊച്ചു കുട്ടന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞത്.

നാല് സെന്റ് സ്ഥലം ആണ് കൊച്ചു കുട്ടന് ഉണ്ടായിരുന്നത്. ഇവിടെ സംസ്‌കരിക്കുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് ആകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ഇവിടെയുള്ള വീടുകള്‍ക്ക് പലതിനും അടച്ചുറപ്പില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. വീടുകള്‍ക്ക് ജനലുകള്‍ ഇല്ലാത്തത് മൂലം ദഹിപ്പിക്കുമ്പോള്‍ പുക വരുന്നത് രോഗം പടരുന്നതിന് കാരണമാകുമെന്ന് സംശയത്തിലായിരുന്നു നാട്ടുകാര്‍.വാര്‍ഡ് മെമ്പറും നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തിന്റെ ഭാഗമായി. ഒരു ഭാഗം അടച്ച് മൃതദേഹം കൊണ്ടു വരുന്നത് തടയാനും നാട്ടുകാര്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ തൃക്കൊടിത്താനം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അതിനുപിന്നാലെ ആരോഗ്യ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജയകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അലിയാര്‍ കുഞ്ഞ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി നാട്ടുകാരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

ഈ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലമാണെങ്കില്‍ ആറടി മുതല്‍ പത്ത് അടി വരെ ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം ദഹിപ്പിക്കാന്‍ ആകും എന്നതാണ് നിലവിലുള്ള കോവിഡ് സംസ്‌കാരത്തിന്റെ പ്രോട്ടോകോള്‍. കുഞ്ഞുകുട്ടന്റെ വീടിരിക്കുന്ന സ്ഥലം വെള്ളക്കെട്ട് അല്ല എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല മൃതദേഹം ദഹിപ്പിക്കുന്നതിന് മറ്റു പരിമിതികളില്ല എന്നും ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടുകാരെ ബോധ്യപ്പെടുത്തി.മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുകയിലൂടെ രോഗം പകരില്ല എന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ തര്‍ക്കത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഒരു മണിക്കൂറോളം നീണ്ട തര്‍ക്കമാണ് സ്ഥലത്തുണ്ടായത്. മൃതദേഹം സംസ്‌കരിക്കാന്‍ സമീപത്തുതന്നെ ശ്മശാനങ്ങള്‍ ഉണ്ടെന്നിരിക്കെ സംസ്‌കാരം നാല് സെന്റ് മാത്രം ഉള്ള സ്ഥലത്ത് പാടില്ല എന്ന നിലപാടായിരുന്നു നാട്ടുകാര്‍ക്ക്.അതേസമയം തന്റെ ശവസംസ്‌കാരം വീട്ടുവളപ്പില്‍ തന്നെ ആകണം എന്ന് കൊച്ചുകുട്ടന്‍ ആഗ്രഹിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് സംസ്‌കാരം വീട്ടുവളപ്പില്‍ തന്നെ ആകണം എന്ന് ആവശ്യം വീട്ടുകാര്‍ പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അറിയിച്ചത്. പ്രോട്ടോകോള്‍ പാലിക്കാന്‍ ആകുന്ന സ്ഥലമാണെങ്കില്‍ വീട്ടുകാരുടെ ആഗ്രഹത്തിനനുസരിച്ച് മാത്രമേ സംസ്‌കരിക്കാന്‍ ആകു എന്ന നിലപാട് പൊലീസും ആരോഗ്യപ്രവര്‍ത്തകരുടെ സംഘവും സ്വീകരിക്കുകയായിരുന്നു.സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആണ് കൊച്ചു കുട്ടന്റെ മൃതദേഹം സംസ്‌കരിച്ചത്. നാട്ടുകാരുടെ അജ്ഞതയാണ് തര്‍ക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.