Wednesday, April 24, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി

പ്രവാസി വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി. ഏത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണം. തിങ്കളാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.ക്ഷേത്രത്തില്‍ 12 പേര്‍ക്കാണ് ഒരു വിവാഹ സംഘത്തോടൊപ്പം പങ്കെടുക്കാന്‍ അനുമതിയുള്ളത്. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചാണോ വിവാഹം നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടപ്പന്തലിലെ കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കിയിരുന്നു. എന്നാല്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളും മാറ്റിയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍, ജസ്റ്റിസ് കെ.ബാബു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതിക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്.