Thursday, April 25, 2024
keralaNews

ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ ഇനി വെങ്കലത്തില്‍ തീര്‍ത്ത ഭീമന്‍ വാര്‍പ്പ്.

ഗുരുവായൂര്‍: ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ ഇനി വെങ്കലത്തില്‍ തീര്‍ത്ത ഭീമന്‍ വാര്‍പ്പ്. രണ്ട് ടണ്‍ തൂക്കവും 17.5 അടി വ്യാസവും 21.5 അടി ചുറ്റളവുമുളള വാര്‍പ്പ് കഴിഞ്ഞ ദിവസമാണ് ഗുരുവായൂരില്‍ എത്തിച്ചത്.പാലക്കാട് സ്വദേശി കൊടല്‍വളളിമന കെ.കെ പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവുമാണ് വാര്‍പ്പ് കണ്ണന്റെ നടയില്‍ സമര്‍പ്പിച്ചത്. മൂന്ന് മാസം കൊണ്ട് നാല്‍പതോളം തൊഴിലാളികള്‍ ചേര്‍ന്നാണ് വാര്‍പ്പ് നിര്‍മിച്ചത്. ശബരിമല, ഏറ്റുമാനൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്വര്‍ണ കൊടിമരങ്ങള്‍ നിര്‍മിച്ച പരുമല പന്തപ്ലാ തെക്കേതില്‍ കാട്ടുമ്പുറത്ത് അനന്തനാചാരിയും മകന്‍ അനു അനന്തനും നിര്‍മാണത്തിന് നേതൃത്വം നല്‍കി.ശുദ്ധമായ വെങ്കല പഴയോടിലായിരുന്നു നിര്‍മാണം. വെങ്കല നിര്‍മാണത്തില്‍ പേരുകേട്ട മാന്നാര്‍ ആലയ്ക്കല്‍ രാജനും വാര്‍പ്പ് നിര്‍മാണത്തിനാവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നല്‍കി.കഴിഞ്ഞ ദിവസം ശീവേലിക്ക് ശേഷമായിരുന്നു വാര്‍പ്പ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. വാഹനത്തില്‍ കൊണ്ടുവന്ന വാര്‍പ്പ്് ക്രെയിന്‍ ഉപയോഗിച്ചാണ് പുറത്തേക്ക് ഇറക്കിയത്. ക്ഷേത്രം തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വാര്‍പ്പ് ക്ഷേത്രത്തിന്റെ ഭാഗമാക്കിയത്. നിവേദ്യം തയ്യാറാക്കാനും വാര്‍പ്പ് ഉപയോഗിക്കും.