Saturday, April 20, 2024
indiaNews

കോവിഡ്19നെതിരായ വാക്‌സിനേഷന്‍ ജനുവരിയില്‍ ;2021 ഒക്ടോബറിനു ശേഷം ഇന്ത്യയില്‍ സാധാരണ ജനജീവിതം സാധ്യമാകും.

ഇന്ത്യയില്‍ കോവിഡ്19നെതിരായ വാക്‌സിനേഷന്‍ ജനുവരിയില്‍ ആരംഭിച്ചേക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാര്‍ പൂനാവാല. ഓക്‌സ്ഫഡ് സര്‍വകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനകയും സംയുക്തമായി നിര്‍മിക്കുന്ന വാക്‌സീന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ വാക്‌സീന് ‘അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാമെന്ന’ അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
2021 ഒക്ടോബറോടെ ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്‌സീന്‍ എത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പൂനാവാല ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു. ഒക്ടോബറിനു ശേഷം ഇന്ത്യയില്‍ സാധാരണ ജനജീവിതം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.20% ഇന്ത്യക്കാര്‍ക്ക് വാക്‌സീന്‍ ലഭ്യമായിക്കഴിയുമ്പോള്‍ തന്നെ ആത്മവിശ്വാസവും മനോവികാരവും തിരികെ വരുന്നത് കാണാനാകും. അടുത്ത വര്‍ഷം സെപ്റ്റംബര്‍ ഒക്ടോബറോടെ എല്ലാവര്‍ക്കും ആവശ്യാനുസരണമുള്ള വാക്‌സീനുകളും ലഭ്യമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നും അദ്ദേഹം പറഞ്ഞു.അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കുന്നതിനുള്ള നിവേദനങ്ങളുടെ സൂക്ഷമ പരിശോധന നടത്തിയ സബ്ജക്ട് എക്‌സ്‌പേര്‍ട് കമ്മറ്റി നിലവില്‍ നടക്കുന്ന അവസാനഘട്ട ക്ലിനിക്കല്‍ ട്രയലുകളുടെ സുരക്ഷതത്വവും ഫലപ്രാപ്തിയും തെളിയിക്കുന്ന രേഖകള്‍ കൂടി ഹാജരാക്കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള ഓക്‌സ്ഫഡ് അസ്ട്രാസെനകയുടെ കോവിഷീല്‍ഡ് വാക്‌സീനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നത്. നവംബര്‍ 14 വരെയുള്ള ‘സുരക്ഷാ വിവരങ്ങള്‍’ മാത്രമാണ് സീറം ഹാജരാക്കിയതെന്നും ബാക്കി രേഖകള്‍ കൂടി ഹാജരാക്കണമെന്നുമാണ് സബ്ജക്ട് എക്‌സ്‌പെര്‍ട് കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.