Thursday, April 25, 2024
HealthkeralaNews

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു :അഞ്ച് സംസ്ഥാനങ്ങളോട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി :കോവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കിടെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളോടു കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇതോടെ കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗത്തിലേക്കാണോ രാജ്യം പോകുന്നതെന്ന ഭീതിയും ഉടലെടുക്കുന്നു. 84 ദിവസങ്ങള്‍ക്കുശേഷം ആദ്യമായി രാജ്യത്തെ കോവിഡ് കേസുകള്‍ വെള്ളിയാഴ്ച 4000 കടന്നിരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 3,962 പേര്‍ കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം ഇത് 4,141 ആയിരുന്നു. ഇന്നലെ 26 പേര്‍ മരിച്ചു.കേരളം, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കേസുകള്‍ വര്‍ധിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കേണ്ടതെന്നും കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷണ്‍ കത്തയച്ചിരുന്നു. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍.

നാലാം തരംഗത്തെ നേരിടാന്‍ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) വെള്ളിയാഴ്ച നഗരത്തിന്റെ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൗസിങ് സൊസൈറ്റികളില്‍ പരിശോധനാ ക്യാംപുകള്‍ സജ്ജീകരിക്കാനും ജംബോ സെന്ററുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനും വാര്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശം നല്‍കിയതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.ജൂലൈ മാസത്തോടെ മുംബൈ നഗരത്തെ നാലാം തരംഗം ബാധിക്കുമെന്നാണ് ഐഐടി കാന്‍പുരില്‍നിന്നുള്ള വിദഗ്ധരുടെ അനുമാനം. അതിനാല്‍ അതീവ കരുതലെടുത്തുവേണം കാര്യങ്ങള്‍ ചെയ്യാനെന്ന് ബിഎംസി വ്യക്തമാക്കി. നിലവില്‍ ദിവസവും 8000 പരിശോധനകളാണ് നടക്കുന്നത്. ഇത് ദിവസം 30,000 40,000 ആക്കി വര്‍ധിപ്പിക്കും. സംസ്ഥാന സര്‍ക്കാരും പരിശോധന വര്‍ധിപ്പിക്കണമെന്ന് വെള്ളിയാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.