Thursday, April 25, 2024
indiaNewspolitics

കോണ്‍ഗ്രസിന്റെ അധ്യക്ഷ ചര്‍ച്ചകള്‍ വഴിമുട്ടി ഗേലോട്ടിന്റെ മൂന്ന് വിശ്വസ്തര്‍ക്ക് നോട്ടീസ് നല്‍കി

ദില്ലി : കോണ്‍ഗ്രസിന്റെ അധ്യക്ഷ ചര്‍ച്ചകള്‍ വഴിമുട്ടിയതിന് പിന്നാലെ അശോക് ഗേലോട്ടിന്റെ മൂന്ന് വിശ്വസ്തര്‍ക്ക് നോട്ടീസ് നല്‍കി. ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മ്മേന്ദ്ര റാത്തോഡ് എം എല്‍ എ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്ക നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്ന് കണ്ട് അശോക് ഗലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയാണ് എഐസിസി നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കാമാന്‍ഡിനെ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് സോണിയ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. അധ്യക്ഷ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ എ കെ ആന്റണിയെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ് നടത്തിയ നിര്‍ണ്ണായക നീക്കം ദേശീയ തലത്തിലും ചര്‍ച്ചയായി. അശോക് ഗലോട്ടിന് പകരം പുതിയ പേരുകളില്‍ ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് ആന്റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചത്. അധ്യക്ഷനാകാനില്ലെന്ന് ദില്ലിക്ക് പുറപ്പെടും മുന്‍പ് എ കെ ആന്റണി പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല. മത്സരിക്കാനില്ലെന്ന് കമല്‍നാഥും, രണ്ട് സെറ്റ് പത്രിക വാങ്ങിയ പവന്‍ ബന്‍സലും തുറന്നു പറഞ്ഞു കഴിഞ്ഞു. മാധ്യമങ്ങളെ കണ്ട അംബികസോണിയും മത്സര സാധ്യത തള്ളി. മുകുള്‍ വാസ്‌നിക്, ദിഗ് വിജയ് സിംഗ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചയിലുണ്ട്. സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എ കെ ആന്റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.