Friday, April 26, 2024
keralaNews

കോട്ടയത്ത് വൈദികന്റെ വീട്ടില്‍ വന്‍ മോഷണം.

കോട്ടയത്ത് വൈദികന്റെ വീട്ടില്‍ വന്‍ മോഷണം. കൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്. ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പ്രാര്‍ത്ഥനയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മോഷ്ടാക്കള്‍ വീട്ടിലാകെ മുളകുപൊടി വിതറിയിട്ടതായി കുടുംബം അറിയിച്ചു. സംഭവത്തില്‍ പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ച മുമ്പ് കോട്ടയം മേലുകാവ് സെന്റ് തോമസ് പള്ളിയില്‍ മോഷണം നടന്നിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയിലെ നേര്‍ച്ചപ്പെട്ടികള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. പള്ളിയ്ക്ക് സമീപമുള്ള ഓഡിറ്റോറിയത്തിന് അടുത്ത് നിന്നും പിന്നീട് നേര്‍ച്ചപ്പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ചിരുന്നു. പെട്ടികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നാണ് ഉപേക്ഷിച്ചത്. സംഭവത്തില്‍ മേലുകാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.