Thursday, April 25, 2024
keralaNews

കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.ഗുരുതര കരള്‍ രോഗം ബാധിച്ച തൃശൂര്‍ സ്വദേശി സുബീഷിനാണ് ശസ്ത്രക്രിയ നടത്തിയത്. ഭാര്യ പ്രവിജ ആണ് ദാതാവ്. പ്രവിജയുടെ 45 ശതമാനം കരള്‍ ആണ് സുബീഷിന് തുന്നി ചേര്‍ത്തത്. ശസ്ത്രക്രിയ 18 മണിക്കൂര്‍ നീണ്ടു.ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണ്. അണുബാധയാണ് പ്രധാന വെല്ലുവിളി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണര്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്. സ്വകാര്യ മേഖലയില്‍ നിന്ന് പ്രത്യേക പരിശീലനം നേടി വന്ന ഡോ ആര്‍ എസ് സിന്ധുവിന്റെയും ആശുപത്രി സൂപ്രണ്ട് ജയകുമാറിന്റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ മേഖലയുടെ കൂടി സഹായം സ്വീകരിച്ചു കൊണ്ടാണ് ശസ്ത്രക്രിയ. മരണാനന്തരം കരള്‍ ദാനം ചെയ്തുള്ള ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2016 ല്‍ നടന്നിരുന്നെങ്കിലും പരാജയമായിരുന്നു.