Thursday, April 25, 2024
indiaNews

കൊവാക്സിന്‍, കൊവീഷില്‍ഡ് വാക്സിനുകളുടെ വില കുത്തനെ കുറച്ചു

ന്യൂഡല്‍ഹി: കൊറോണ വാക്സിനുകളുടെ വില കുത്തനെ കുറച്ച് ഭാരത് ബയോടെക്കും പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. 18 വയസ്സ് പിന്നിട്ട എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും കൊറോണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്സിനുകളുടെ വില കുറച്ചത്.                                   

സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്ന പ്രതിരോധ കുത്തിവെയ്പ്പുകളുടെ വിലയാണ് ഇരു കമ്പനികളും വെട്ടിക്കുറച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വില കുറയ്ക്കാനുള്ള തീരുമാനം ഇരുകമ്പനികളും അറിയിച്ചത്.

‘കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവീഷില്‍ഡ് വാക്സിന്റെ വില ഒരു ഡോസിന് 600 രൂപയില്‍ നിന്ന് 225 രൂപയായി കുറച്ചു. ഈ തീരുമാനം ഏവരുമായി പങ്കുവെയ്ക്കുന്നതില്‍ സന്തോഷമുണ്ട്. മുന്‍കരുതല്‍ ഡോസുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല ട്വിറ്ററില്‍ കുറിച്ചു.

‘എല്ലാ മുതിര്‍ന്നവര്‍ക്കും മുന്‍കരുതല്‍ ഡോസ് ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരുമായി കൂടിയാലോചിച്ച്, കൊവാക്സിന്റെ വില ഒരു ഡോസിന് 1200 രൂപയില്‍ നിന്നും 225 രൂപയായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു’ ഭാരത് ബയോടെക്ക് സിഇഒ സുചിത്ര ട്വീറ്റ് ചെയ്തു.

അതേസമയം, 18 വയസിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നതില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. വാക്‌സിന്‍ വിലയ്ക്കൊപ്പം പരമാവധി 150 രൂപ വരെയേ സര്‍വ്വീസ് ചാര്‍ജായി സ്വകാര്യ കേന്ദ്രങ്ങള്‍ ഈടാക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.