Thursday, April 25, 2024
HealthkeralaNews

കൊറോണ വാക്സിനേഷനുകള്‍ക്ക് ഇടയില്‍ ഇടവേളയുണ്ടാവുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

കൊറോണ വാക്സിനേഷനുകള്‍ക്ക് ഇടയില്‍ ഇടവേളയുണ്ടാവുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. വാക്സിനേഷനുകള്‍ക്കിടയില്‍ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയില്‍ ഇടവേളയുണ്ടാകുന്നത് കൂടുതല്‍ പ്രതിരോധശേഷി കൈവരുത്തുമെന്നാണ് പഠനഫലം ചൂണ്ടിക്കാട്ടുന്നത്. ഇത്രയും ഇടവേളയില്‍ വാക്സിന്‍ എടുത്ത രോഗികളിലെ ആന്റിബോഡിയുടെ സാന്നിധ്യം മൂന്നരമടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. കൊച്ചി ആസ്ഥാനമായ കെയര്‍ ആശുപത്രിയിലെ റുമാറ്റോളജിസ്റ്റും ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ.പത്ഭനാഭ ഷേണായിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് വാക്സിനെടുത്ത രോഗികളിലാണ് പഠനം നടത്തിയത്. 1500 രോഗികളില്‍ നിന്ന് തിരഞ്ഞെടുത്ത 213 പേരിലാണ് കുത്തിവെയ്പ്പുകള്‍ക്കിടയിലെ ഇടവേള എങ്ങനെ സ്വാധീനിക്കുമെന്ന് കണക്കാക്കിയത്.ഈ വര്‍ഷം മേയ് വരെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള ഇടവേള നാലുമുതല്‍ ആറ് ആഴ്ച വരെയാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത്. ഈ സമയത്ത് രണ്ട് ഡോസുകള്‍ സ്വീകരിച്ച 102 രോഗികളെയും ഇടവേള മാറ്റത്തിനുശേഷം 10 മുതല്‍ 14 ആഴ്ചകളുടെ ഇടവേളയില്‍ വാക്സിനെടുത്ത 111 രോഗികളെയുമാണ് പഠനവിധേയമാക്കിയത്. ആന്റിബോഡി സപൈക്ക് പരിശോധനയിലൂടെയാണ് രണ്ട് ഗ്രൂപ്പുകളിലും എത്രമാത്രം പ്രതിരോധശേഷി ഉണ്ടെന്ന് അളന്നത്. രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് പരിശോധന നടത്തിയത്. പഠനപ്രകാരം നാലു മുതല്‍ ആറാഴ്ച വരെ ഇടവേളയില്‍ വാക്സിന്‍ സ്വീകരിച്ച രോഗികളേക്കാള്‍ പ്രതിരോധശേഷി 10 മുതല്‍ 14 ആഴ്ച വരെ ഇടവേളയില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഉണ്ടെന്ന് കണ്ടെത്തി. കുത്തിവെയ്പ്പുകള്‍ക്കിടയിലെ ഇടവേള കൂടുന്തോറും ആന്റിബോഡി ലെവലുകള്‍ മികച്ചതായിരിക്കുമെന്ന് ഡോ. പത്മനാഭ ഷേണായി വ്യക്തമാക്കി. അതേസമയം ഒറ്റ ഡോസ് വാക്സിന്‍ ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.ഇത് മൂലം രണ്ടാമത്തെ ഡോസ് വൈകിപ്പിക്കുന്നതിലൂടെ ഡോസുകള്‍ക്കിടയിലുള്ള കാലയളവില്‍ കൊറോണ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലന്ന് പഠനം തെളിയിക്കുന്നു. അത് കൊണ്ട് ആദ്യഡോസ് സ്വീകരിച്ച ശേഷം കിട്ടുന്ന പ്രതിരോധ ശേഷിയാണോ ദീര്‍ഘനാള്‍ നീളുന്ന പ്രതിരോധശേഷിയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോവീഷില്‍ഡ് വാക്സില്‍ ഇടവേള 84 ദിവസം എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പുതിയ പഠനം. അടുത്തിടെ കോവീഷീല്‍ഡ് വാക്സിന്‍ ഇടവേള പണം നല്‍കി വാക്സിന്‍ എടുക്കുന്നവര്‍ക്ക് നാലാഴ്ചയാക്കി ചുരുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.