Wednesday, April 24, 2024
keralaNews

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ,എരുമേലി യൂണിറ്റ് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ എരുമേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും അവശത അനുഭവിക്കുന്ന പാവപ്പെട്ടവർക്കുമായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഞായറാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ആരംഭിച്ച ചടങ്ങ് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റിൻ കുളത്തിങ്കൽ ഓണക്കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ എസ് സി ഡബ്ല്യു യു പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചപ്പോൾ ,കെ എസ് സി ഡബ്ല്യു യു പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി റോണി കോട്ടക്കൻ സ്വാഗതം ആശംസിച്ചു.കെ എസ് സി ഡബ്ല്യു യു പൂഞ്ഞാർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് മനു മോൻ കൃതജ്ഞത അർപ്പിച്ചു.

യൂണിയൻ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. സംഘടനയുടെ ഭാഗമായ ആദ്യകാല മെമ്പർമാർ ഉൾപ്പെടുന്ന മുപ്പത് പേർക്കും,അതോടൊപ്പം സ്റ്റാൻഡിങ് കമ്മറ്റി തിരഞ്ഞെടുത്ത 10 പേർക്കും ആണ് ആദ്യഘട്ടമെന്ന നിലയിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നതിനായി സൗജന്യമായി ഓഡിറ്റോറിയം വിട്ടുനൽകിയ സെൻറ് ജോസഫ് ചർച്ച് പുത്തൻ കൊരട്ടി വികാരിക്ക് നന്ദി സൂചകമായി നാലു കിറ്റുകൾ കൂടി നൽകുന്നുണ്ട്. വികാരി തിരഞ്ഞെടുക്കുന്ന 4 അർഹതപ്പെട്ടവർക്ക് ആയിരിക്കും ഈ കിറ്റുകൾ വിതരണം ചെയ്യുന്നത്. അതോടൊപ്പം യൂണിയനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിൻറെ പിതാവിൻറെ ചികിത്സാസഹായ നിധിയിലേക്കുള്ള സംഭാവന യൂണിറ്റിനു വേണ്ടി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ തങ്കപ്പൻ കൈമാറി.ചടങ്ങിൽ,ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷ്റഫ്, എരുമേലി ഗ്രാമപഞ്ചായത്ത് അംഗം ജസ്ന നജീബ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള ഗംഗാധരൻ , എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം ഷാനവാസ്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.