Friday, March 29, 2024
keralaNews

കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും

തിരുവനന്തപുരം: മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും. കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്നും നാളെയും കൂടി കേരളത്തില്‍ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. തമിഴ്‌നാട്ടില്‍ കര തൊട്ട മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയതാണ് ഇതിന് കാരണം. ചക്രവാതചുഴി വടക്കന്‍ കേരള – കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. ഇത് കാരണം കേരളത്തില്‍ ഡിസംബര്‍ 13 വരെ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിട്ടുള്ളത്.

മഴ സാഹചര്യം ശക്തമായതിനാല്‍ ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.