Thursday, April 25, 2024
keralaNews

കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍

കോഴിക്കോട്: കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയില്‍നിന്ന് കേരളത്തിലെത്തി. 16 കോച്ചുകളുള്ള ട്രെയിനാണ് ഇത്. തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. ഏപ്രില്‍ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. 24-ന് കൊച്ചിയിലോ 25-ന് തിരുവനന്തപുരത്തോ ആണ് ഫ്ളാഗ് ഓഫ് പരിഗണിക്കുന്നത്. രാവിലെ 11.40-ഓടെ പാലക്കാട് എത്തിയ ട്രെയിന് ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

ഏതാനും ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതില്‍ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിന്‍ ഫ്ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്. ഒമ്പത് സ്റ്റോപ്പുകളുള്ള സര്‍വീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സര്‍വീസില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊര്‍ണൂര്‍, തിരൂര്‍, ചെങ്ങന്നൂര്‍ ഇവയില്‍ ഏതെങ്കിലും രണ്ട് സ്റ്റേഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.തിരുവനന്തപുരം ഡിവിഷനാണ് സര്‍വീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സര്‍വീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്‌സ്പ്രസുകള്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.